നാം നേരത്തെ വരച്ച മൈക്രോഫോണ്‍ ആംപ്ലിഫയറിനെ നമുക്ക് ഇങ്ങനെ മോഡിഫൈ ചെയ്യാം. മൈക്രോഫോണായാലും ലൗഡ് സ്പീക്കറായാലും അതിനൊരു പ്രതിരോധം കണക്കാക്കി Mic എന്നും LS എന്നും രേഖപ്പെടുത്തി എന്നേയുള്ളു. മാത്രവുമല്ല, R3യുടെ സ്ഥാനം എമിറ്ററിലേക്ക് മാറ്റുകയും ചെയ്തു.

മൈക്രോഫോണില്‍ സിഗ്നല്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടാലും ഇല്ലെങ്കിലും, മൈക്രോഫോണ്‍ R2വിന് സമാന്തരമായി ഘടിപ്പിച്ച ഒരു പ്രതിരോധംപോലെ പ്രവര്‍ത്തിക്കും.
നമുക്കാണെങ്കില്‍ മൈക്രോഫോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന ACയില്‍ മാത്രമാണ് താല്‍പ്പര്യം. DCയെ തടയുകയും ACയെ അനുവദിക്കുകയും ചെയ്യുന്ന ഒരു സഹായിയെ തേടാം, നമുക്ക്. നമുക്കറിയാം, കപ്പാസിറ്ററുകള്‍ അങ്ങനെയുള്ള
ഇലക്ട്രോണിക് ഘടകങ്ങളാണ്. അതിനാല്‍, മൈക്രോഫോണിനും ബേസിനും ഇടയില്‍ നമുക്കൊരു കപ്പാസിറ്റര്‍ ഘടിപ്പിക്കാം.

ഇവിടെ, നമ്മുടെ ട്രാന്‍സിസ്റ്റര്‍ ഒരു വോള്‍ട്ടേജ് ആംപ്ലിഫയറാണ്. അതിനാല്‍ നമുക്ക് ലഭിക്കുന്ന ഔട്പുട്ട്, വോള്‍ട്ടേജ് വ്യതിയാനത്തിന്‍റെ രൂപത്തിലായിരിക്കും. (വോള്‍ട്ടേജ് ആംപ്ലിഫയര്‍, കറന്‍റ് ആംപ്ലിഫയര്‍ എന്നിവയെക്കുറിച്ച് വേറെ വിശദീകരിക്കാം) പക്ഷെ, നാമിവിടെ ചെയ്തത് കളക്റ്റര്‍ എമിറ്റര്‍ സര്‍ക്യൂട്ടില്‍ ലോഡ് (ലൗഡ് സ്പീക്കര്‍) കണക്റ്റ് ചെയ്യുകയാണ്. അതായത്, കറന്‍റ് വ്യതിയാനമാണ് ലൗഡ് സ്പീക്കറിനെ drive ചെയ്യുന്നത്. അതില്‍ വേറെ കുഴപ്പമൊന്നുമില്ല. പക്ഷെ, നമ്മുടെ ട്രാന്‍സിസ്റ്ററിലൂടെയുള്ള കറന്‍റ് നിയന്ത്രിക്കാന്‍ നാം ഘടിപ്പിച്ച R3 ശല്യം ചെയ്യും. അതായത്, ലൗഡ് സ്പീക്കറിലൂടെയുള്ള കറന്‍റും R3 കാരണം ലിമിറ്റ് ചെയ്യപ്പെടും. ഇതൊരു പ്രശ്നംതന്നെയാണ്. അതിനാല്‍, ഈ single stage amplifier പ്രായോഗികമായി ഉപയോഗിക്കാവുന്ന നല്ലൊരു ആംപ്ലിഫയറാവില്ല. പിന്നെന്ത് ചെയ്യും? നമുക്കൊരു കാര്യം ചെയ്യാം. LS കണക്റ്റ് ചെയ്തിടത്ത് R4 എന്ന ഒരു പ്രതിരോധം കണക്റ്റ് ചെയ്യാം. ആ പ്രതിരോധത്തിലൂടെയാവുമല്ലോ, കളക്റ്റര്‍ എമിറ്റര്‍ കറന്‍റ് കടന്നുപോവുക. അപ്പോള്‍ R4ന്‍റെ അഗ്രങ്ങള്‍ക്കിടയില്‍ കറന്‍റിന് ആനുപാതികമായ ഒരു പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉണ്ടാവും. ഈ പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തെ നമുക്ക് ഔട്പുട്ടായി പുറത്തെടുത്ത് അടുത്ത ആംപ്ലിഫിക്കേഷന്‍ സ്റ്റേജില്‍ പ്രയോജനപ്പെടുത്താം.

ഈ ചിത്രത്തില്‍ ഒരു അപരിചിത കഥാപാത്രംകൂടി കടന്നുവന്നിട്ടുള്ളത് ശ്രദ്ധിച്ചുകാണും. എമിറ്റര്‍ റസിസ്റ്റന്‍സിന് (R3) സമാന്തരമായി ഒരു കപ്പാസിറ്റര്‍! അതിനും ഉപയോഗമുണ്ട്. നമ്മുടെ കളക്റ്റര്‍ എമിറ്റര്‍ കറന്‍റ് സിഗ്നലിനനുസരിച്ച് വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഈ കറന്‍റ് വ്യതിയാനമാണ് നമുക്ക് ഉപയോഗപ്പെടുത്താനുള്ളത്. എന്നാല്‍ R3 ഈ കറന്‍റിനെ പ്രതിരോധിക്കും. അത് നമ്മുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തും. അതായത്, ട്രാന്‍സിസ്റ്ററിന്‍റെ സുരക്ഷയെ കരുതി കറന്‍റ് ലിമിറ്റ് ചെയ്യുകയും വേണം, എന്നാല്‍ വ്യതിയാനം സംഭവിക്കുന്ന കറന്‍റിനെ ലിമിറ്റ് ചെയ്യുകയുമരുത്. അതിനുള്ള ഉപായമാണ്, വ്യതിയാനം സംഭവിക്കുന്ന കറന്‍റിന് ഒരു എളുപ്പ പാത നിര്‍മ്മിച്ചു കൊടുക്കുന്നത്. അതിനാണ് പേരെഴുതാതെ വരച്ചു ചേര്‍ത്ത ആ കപ്പാസിറ്റര്‍. ഇത്തരം കപ്പാസിറ്ററുകളെ ബൈപാസ് കപ്പാസിറ്ററുകള്‍ എന്ന് വിളിക്കും. ചില വിക്കറ്റ് ഗേറ്റുകളെപ്പോലെ. ആളുകള്‍ക്ക് കടന്നുപോവാന്‍ ചെറിയൊരു ഗേറ്റ്. അതിലൂടെ കാറുകള്‍ക്ക് കടന്നുപോവാനുമാവില്ല. എങ്ങനെയുണ്ട്?
ഈ ട്യൂട്ടോറിയല്‍ അധികം നീട്ടുന്നില്ല. വളരെ കുറച്ചുപേര്‍ക്ക് മാത്രമേ ഇത് പ്രയോജനപ്പെടുന്നുള്ളു എന്നറിയാം. പക്ഷെ, ഈ സര്‍ക്യൂട്ട് വെച്ച് നമുക്ക് ചില ചിന്തകള്‍ പങ്കുവെക്കാമെന്ന് കരുതുന്നു.
അതിനു വേണ്ടി, ഒന്നുരണ്ട് പുതിയ components പരിചയപ്പെടുത്താം. ഒരു ചാലകത്തിന്‍റെ പ്രതിരോധത്തെ സ്വാധീനിക്കുന്ന പല ഘടകങ്ങളെക്കുറിച്ച് നമുക്കറിയാം. ഉദാഹരണത്തിന് താപം പ്രതിരോധത്തില്‍ മാറ്റം വരുത്തും. ഈ തത്വം പ്രയോജനപ്പെടുത്തി നിര്‍മ്മിച്ച തെര്‍മോ കപ്പിളുകള്‍ ഊഷ്മാവ് അളക്കാന്‍ പ്രയോജനപ്പെടുത്തുന്നു. അതുപോലെ, പ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലനുസരിച്ച് പ്രതിരോധം വ്യത്യാസപ്പെടുന്ന തരം പ്രതിരോധകങ്ങളുണ്ട്. Light Dependent Resistor അഥവാ LDR എന്ന പേരില്‍ കടകളില്‍ വാങ്ങിക്കാന്‍ കിട്ടും. നാലോ അഞ്ചോ രൂപയേ വില വരൂ. LDR രണ്ട് തരമുണ്ട്. പ്രകാശം തട്ടുമ്പോള്‍ പ്രതിരോധം കുറയുന്നവയും തിരിച്ചും. ആദ്യം പറഞ്ഞ LDR കളാണ് സാധാരണം.
LED കളെക്കുറിച്ച് പറയേണ്ടതില്ലല്ലോ. നമ്മുടെ ആംപ്ലിഫയറിലെ R1 ന് പകരം ഒരു LDR ആയിരുന്നുവെന്നും, LS ന്‍റെ/R3യുടെ സ്ഥാനത്ത് ഒരു LED ആയിരുന്നെന്നും കരുതുക. ഈ സര്‍ക്യൂട്ട് എങ്ങനെ പെരുമാറുമായിരുന്നു?